Site icon Malayalam News Live

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടത് 30000 രൂപ; കൈക്കൂലി കേസിൽ മുൻ റവന്യു ഇൻസ്പക്ടർക്ക് ഏഴുവർഷം തടവ്

കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്. പന്തളം നഗരസഭയിലെ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൈക്കൂലി കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി പന്തളം സ്വദേശിയോട് 30,000 രൂപ കൈക്കുലി ആവശ്യപ്പെടുകയും 2,000 രൂപ വാങ്ങുകയും ചെയ്തു എന്നായിരുന്നു കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശി തനിക്ക് ലഭിച്ച കുടുംബ സ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓണര്‍ഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെങ്കില്‍ 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റെജി ജോര്‍ജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പരാതിക്കാരന്റെ കയ്യില്‍ നിന്നും 2,000 രൂപ വാങ്ങുമ്പോള്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കയ്യോടെ പിടികൂടുകയായിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച ഈ കേസിലാണ് പ്രതിയായ റെജി ജോര്‍ജിനെ കൊല്ലം വിജിലന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ട് വകുപ്പുകളിലായി ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. മോഹിത് സി എസ് ആണ് വിധി പുറപ്പെടുവിച്ചത്.

Exit mobile version