ഡൽഹി: വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും.
ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ഡൽഹിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയില്‍ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്.
ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയത്. ഇന്ധന വില ആഭ്യന്തര വിമാന സർവീസുകള്‍ക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകള്‍ക്ക് ഏകദേശം 107 ശതമാനവും വർദ്ധിച്ചു.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാൻ കഴിയുന്ന സ്ഥിതിയാണ്.
