Site icon Malayalam News Live

‘ഇന്ധനവില കുത്തനെ ഉയര്‍ന്നതിനാല്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യം’; സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

ഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യത്തിലാണെന്നും സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍.

വിമാന ഇന്ധന വിലയിലുണ്ടായ വർധനവും യുദ്ധസാഹചര്യങ്ങള്‍ കാരണം കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും വിമാനക്കമ്പനികള്‍ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.

കമ്പനികള്‍ നേരിടുന്ന കനത്ത നഷ്ടം ഒഴിവാക്കാനും വിമാനങ്ങള്‍ നിലത്തിറക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ എണ്ണവില വർധിപ്പിക്കുകയും ആകാശപാതകളിലെ നിയന്ത്രണങ്ങള്‍ യാത്രാ ദൈർഘ്യം കൂട്ടുകയും ചെയ്തത് ചെലവ് വൻതോതില്‍ വർധിക്കാൻ കാരണമായിട്ടുണ്ട്.

നിലവില്‍ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്‌സൈസ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. രൂപയുടെ മൂല്യത്തകർച്ച കൂടി പരിഗണിക്കുമ്പോള്‍ ഈ നികുതി വലിയൊരു ബാധ്യതയായി മാറുകയാണ്.

അന്താരാഷ്ട്ര സർവീസുകള്‍ക്കായി വിമാന ഇന്ധനവില ലിറ്ററിന് 73 രൂപയാണ് വർധിപ്പിച്ചത്. ഇത് അന്താരാഷ്ട്ര സർവീസുകളെ ലാഭകരമല്ലാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്.

Exit mobile version