Site icon Malayalam News Live

എഞ്ചിൻ പണിമുടക്കി; പത്ത് മത്സ്യത്തൊഴിലാളികളുള്ള ബോട്ട് നടുക്കടലില്‍ കുടുങ്ങി; മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷപ്പെടുത്തി

കോഴിക്കോട്: എഞ്ചിൻ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷിച്ചു.

കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വരുണപ്രിയ എന്ന ബോട്ടാണ് എഞ്ചിൻ തകരാറിലായി തീരത്ത് നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയത്. പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഞായറാഴ്ച വൈകീട്ടാണ് ബോട്ട് നടുക്കടലില്‍ കുടുങ്ങിയെന്ന വിവരം പുറത്ത് വന്നത്. ബേപ്പൂര്‍ ഫിഷറീസിൻ്റെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം ബോട്ടിന്റെ അടുത്തേക്ക് ഇന്നലെ തന്നെ യാത്ര തിരിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും അതില്‍ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു.

Exit mobile version