Site icon Malayalam News Live

എഫ്സിആർഎ നിയമഭേദഗതി ബില്‍; ആശങ്ക അറിയിച്ച്‌ സിബിസിഐ, അമിത് ഷായ്ക്ക് നിവേദനം നല്‍കി

കൊച്ചി: എഫ്സിആർഎ നിയമ ഭേദഗതി ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നല്‍കി സിബിസിഐ.

 

അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.

 

 

 

 

കൂടാതെ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികള്‍ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീല്‍ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് ആവശ്യം.

 

 

 

 

ലോക്സഭയില്‍ അമിത് ഷാ നാളെ ചർച്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ കേരളത്തിലെ പ്രചാരണങ്ങളില്‍ നിന്ന് ഒരു ദിവസത്തെ അവധിയെടുത്തെത്തുന്ന ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആൻറണി, ഫ്രാൻസിസ് ജോർജ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധിയും ബില്ലില്‍ സംസാരിച്ചേക്കും. അധികാരം ദുർവിനിയോഗപ്പെട്ടേക്കാം എന്ന ആശങ്ക പങ്കുവെച്ച കെസിബിസി അധ്യക്ഷൻ കർദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ഭാവ ബില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

 

 

 

 

ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നല്‍കുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങള്‍ കർശനമാണ്. അത് പ്രകാരം 10,000ല്‍ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റില്‍ ഇല്ല. ഈ സമയത്തെ ബില്ല് അവതരണത്തില്‍ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ട്. ബില്ലില്‍ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനില്‍ നിലവില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. സ്വഭാവികമായും ക്രൈസ്തവർക്കിടയില്‍ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version