Site icon Malayalam News Live

ചെങ്ങന്നൂരില്‍ ധനകാര്യ സ്ഥാപനത്തില്‍ 916 മുദ്ര വ്യാജമായി പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച്‌ തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേസില്‍ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല, വൈക്കം സ്വദേശികൾ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ വ്യാജ സ്വർണം പണയം വെച്ച്‌ 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എം.എസ്. എന്നിവരാണ് പിടിയിലായത്.

ചെങ്ങന്നൂർ കൊഴുവല്ലൂരില്‍ പ്രവർത്തിക്കുന്ന ആർ.പി. ഫിനാൻസ് ഉടമ രാജൻ പിള്ള നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി 18 ഗ്രാമിന്റെയും 16 ഗ്രാമിന്റെയും തൂക്കം വരുന്ന മാലകള്‍ പണയം വെച്ചാണ് ഇവർ പണം തട്ടിയത്.

916 മുദ്ര വ്യാജമായി പതിപ്പിച്ച ഈ മാലകള്‍ ധനകാര്യ സ്ഥാപനത്തില്‍ നല്‍കി 2.60 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റോയി വർഗീസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണെന്നും ബിജുവും സമാനരീതിയിലുള്ള തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇരുവരും മുൻപും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.

Exit mobile version