Site icon Malayalam News Live

മനുഷ്യ ബോംബാണ്, പരിശോധിക്കരുത്; യാത്രക്കാരന്റെ വ്യാജ ഭീഷണിയെ തുടർന്ന് വിമാനം അര മണിക്കൂറിലേറെ വൈകി; ഭീഷണി ഉയർത്തിയ യാത്രക്കാരനെ പോലീസിന് കൈമാറി

കൊച്ചി: നെടുമ്പാശേരിയിൽ യാത്രക്കാരന്റെ വ്യാജ ഭീഷണിയെ തുടർന്ന് വിസ്താര വിമാനം വൈകി. മനുഷ്യ ബോംബാണെന്ന യാത്രക്കാരന്റെ പരാമർശത്തെ തുടർന്നാണ് വിമാനം അര മണിക്കൂറിലേറെ വൈകിയത്. വൈകീട്ട് 3.50ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു വ്യാജ ഭീഷണി മുഴക്കിയത്.

സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശി വിജയ് മന്ദായൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടരെ തുടരെ ഭീഷണിയുള്ളതിനാൽ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഇപ്പോൾ രണ്ടുതവണ ദേഹ പരിശോധനയുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി പരിശോധന പൂർത്തിയാക്കുന്നതാണ് പതിവ്.

ഇത്തരത്തിൽ വിമാനക്കമ്പനിയുടെ സുരക്ഷാ വിഭാഗം രണ്ടാം ഘട്ട പരിശോധനക്കൊരുങ്ങിയപ്പോഴാണ് യാത്രക്കാരൻ ഭീഷണി മുഴക്കിയത്. താൻ മനുഷ്യ ബോംബാണെന്നും പരിശോധിക്കരുതെന്നും ഇയാൾ പറഞ്ഞു. തുടർന്ന് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെത്തി ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കി.

വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ യാത്ര ചെയ്യാൻ അനുവദിക്കാതെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. 3.50ന് പുറപ്പെടേണ്ട വിമാനം തുടർന്ന് 4.20ന് ആയിരുന്നു കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്നത്.

Exit mobile version