ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് സര്‍വീസിലേക്ക്? പുത്തൻ എ.ഐ ഫീച്ചറുകളുമായി മെറ്റ

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങള്‍ വ്യാപിപ്പിക്കാൻ ഒരുങ്ങി മെറ്റ.

നിലവിലുള്ള അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി തുടരുമെങ്കിലും, അത്യാധുനിക ഫീച്ചറുകള്‍ക്കും എ.ഐ സേവനങ്ങള്‍ക്കും ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

അടുത്തിടെ മെറ്റ സ്വന്തമാക്കിയ ‘മാനസ്’ (Manus) എന്ന എ.ഐ ഏജന്റായിരിക്കും പെയ്ഡ് സർവീസിലെ പ്രധാന ആകർഷണം. ഈ ചാറ്റ്ബോട്ട് മൂന്ന് പ്ലാറ്റ്‌ഫോമുകളിലും നേരിട്ട് ലഭ്യമാകും ഉല്‍പ്പാദനക്ഷമതയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കുന്ന പ്രത്യേക ടൂളുകള്‍ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി അവതരിപ്പിക്കും.

 

‘Vibes’ എന്ന പേരില്‍ മെറ്റ അവതരിപ്പിക്കുന്ന ഷോർട്ട്ഫോം വീഡിയോ ജനറേറ്റർ ടൂളിനും വരും മാസങ്ങളില്‍ ചാർജ് ഈടാക്കിയേക്കും.

 

സാധാരണ ഉപയോക്താക്കളെ ബാധിക്കാത്ത രീതിയില്‍, പ്രീമിയം സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഫീച്ചറുകള്‍ ഒരുക്കുക എന്നതാണ് മെറ്റയുടെ പുതിയ നയം. ആഗോളതലത്തില്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കം വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് കമ്പനി ആലോചിക്കുന്നത്.