Site icon Malayalam News Live

ഇത് മോദി മീഡിയ പോള്‍; മോദിജിയുടെ സങ്കല്‍പ്പത്തിലുള്ള പോള്‍’; ‘ഇന്ത്യ’ സഖ്യം 295 സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി; ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാല്‍ കാണില്ലെന്ന് ബിജെപിയും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

പോളുകളെ ‘മോദി മീഡിയ പോള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാല്‍ കാണില്ലെന്ന് ബിജെപി തിരിച്ചടിച്ചു.

ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥികളുമായുള്ള ഓണ്‍ലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതിനെ എക്‌സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’, രാഹുല്‍ പറഞ്ഞു.

‘ഇന്ത്യ’ സഖ്യം 295 സീറ്റുകള്‍ നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുല്‍ ആവർത്തിച്ചു. ‘നിങ്ങള്‍ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295’, എന്നായിരുന്നു എത്ര സീറ്റുകള്‍ നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം. എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

Exit mobile version