Site icon Malayalam News Live

ലഹരി വിറ്റ് വാങ്ങിയതൊന്നും ഇനി വാഴില്ല; ഇടനിലക്കാര്‍ മുതല്‍ മാഫിയ തലവന്മാര്‍ക്ക് വരെ പോലീസിന്റെ എട്ടിന്റെപണി; അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാൻ പോലീസിന്റെ തീരുമാനം

കല്‍പ്പറ്റ: ലഹരി സംഘത്തിലെ ഇടനിലക്കാർ മുതല്‍ മാഫിയ തലവന്മാർക്ക് വരെ പോലീസിന്റെ എട്ടിന്റെപണി.

ലഹരി വില്‍പ്പന വഴി അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് പോലീസിന്റെ തീരുമാനം.
എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ ലഹരിക്കടത്ത് സംഘാംഗങ്ങളുടെയും ബന്ധുക്കളുടെയും ലഹരിവില്‍പ്പനക്കാരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാനും നിയമമുണ്ട്. നിയമം മൂലം ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം പൂട്ടാനാണ് പൊലിസിന്റെ നീക്കം.

ഈ മാസം ഏഴിന് മേപ്പാടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ ഇയാള്‍ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിച്ചു. ഇയാള്‍ ലഹരി വിറ്റ് നേടിയ പണമുപയോഗിച്ച്‌ വാങ്ങിയ വാഹനം ഉടന്‍ കണ്ടുകെട്ടും. മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ ബി.കെ. സിജുവാണ് വാഹനം കണ്ടുകെട്ടുന്നതിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ)ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വയനാട്ടിലേക്കും ഇതുവഴി ഇതര ജില്ലകളിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version