Site icon Malayalam News Live

സംഘർഷം കടുക്കുന്നു, ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നുമാണ് എംബസിയുടെ കർശന നിർദേശം. 9,000 ഇന്ത്യക്കാരാണ് ഇറാനിനുള്ളത്. ഭൂരിഭാഗവും ജമ്മു കശ്മീർ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. ഇറാനിലെ രണ്ട് നഗരങ്ങളിലായാണ് വിദ്യാർത്ഥികൾ തങ്ങുന്നത്. തുടരെ ആക്രമണങ്ങൾ ഉണ്ടാകുന്ന ടെഹ്‌റാനിലും, തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഖോം എന്നിവിടങ്ങളിലുമാണത്.

യുഎസ് ഇസ്രയേൽ ആക്രമണങ്ങൾ നടക്കുന്നതിനാൽ ഫെബ്രുവരി 28 മുതൽ ഇറാൻ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവർക്ക് അയൽരാജ്യമായ അർമേനിയ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കരമാർഗത്തിൽ എത്തിയ ശേഷം അവിടെ നിന്നും ഇന്ത്യയിലേക്ക് വിമാനമാർഗം എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തുർക്മെനിസ്ഥാൻ അതിർത്തിയിൽ അധികമായി നിരവധി ചെക്ക്‌പോയിന്റുകൾ തുറന്നിട്ടുണ്ട്. ഇറാനിൽ നിന്നും വിദേശപൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങാനായാണ് പ്രധാനമായും ഇത് സജ്ജീകരിച്ചിരിക്കുന്നത്.

Exit mobile version