Site icon Malayalam News Live

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പ്രകോപനം; ഏറ്റുമാനൂരില്‍ അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യയില്‍ കൂടുതല്‍ വിവരണങ്ങള്‍ പുറത്ത്

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യയില്‍ കൂടുതല്‍ വിവരണങ്ങള്‍ പുറത്ത്.

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പൊലീസ് നിഗമനം.
ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയില്‍ നോബി ഫോണില്‍ വിളിച്ചു എന്ന് പൊലീസ് കണ്ടെത്തി.

വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നല്‍കിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു.

പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഫോണ്‍ വിളിച്ച കാര്യങ്ങള്‍ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷൈനിയും മക്കളും പുലർച്ചെ റെയില്‍ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികള്‍ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെയും കൂട്ടി ഷൈനി വീട്ടില്‍ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്.

Exit mobile version