Site icon Malayalam News Live

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം; 4 നിലകളിലായി 8 കെട്ടായി കാഴ്ചപ്പന്തൽ; ഉത്സവ ചരിത്രത്തിലാദ്യമായി ഉയർന്ന കാഴ്ചപ്പന്തൽ കാണാനും മൊബൈലിൽ പകർത്താനും ഉത്സവപ്രേമികളുടെ വൻ തിരക്ക്

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയതോടെ ഏറ്റുമാനൂരിലേക്ക് ഭക്തജന പ്രവാഹം. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഇക്കുറി എല്ലാ ദിവസവും കലാപരിപാടികൾ ഉള്ളതിനാൽ തിരക്ക് രാത്രിയിലേക്കും നീളുകയാണ്.

കൊടിയേറ്റിനോടനുബന്ധിച്ചു ചോറ്റാനിക്കര സുഭാഷ് നാരായണൻ മാരാരും സംഘവും അവതരിപ്പിച്ച മേജർ സെറ്റ് പഞ്ചവാദ്യവും മാന്നാർ‌ വിനയൻ, മാഞ്ഞൂര്‌ മഹേഷ്, എറ്റുമാനൂർ ശ്രീകാന്ത് എന്നിവരുടെ നാഗസ്വരവും മേള പ്രേമികളെ ആവേശത്തിലാഴ്ത്തി.

തുടർന്ന് തിരുവരങ്ങിൽ തിരി തെളിച്ചുകൊണ്ട് ടി.എസ്.രാധാകൃഷ്ണ ജി അവതരിപ്പിച്ച ഭക്തിഗാന തരംഗിണി, വൈകിട്ട് നടന്ന വൈക്കം വിജയലക്ഷ്മിയുടെ സംഗീത വിരുന്ന് എന്നിവ ഒന്നാം ഉത്സവത്തിന്റെ മാറ്റുകൂട്ടി. ഏറ്റുമാനൂർ ഉത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ ക്ഷേത്രാങ്കണത്തിൽ‌ നടന്ന മെഗാ തിരുവാതിര കാഴ്ചക്കാർക്ക് നവ്യാനുഭവമായി.

കോട്ടയം താളം തിരുവാതിര സംഘത്തിന്റെ നേതൃത്വത്തിലാണ് തിരുവാതിര സംഘടിപ്പിച്ചത്. നൂറ് കണക്കിനു വനിതകൾ ഒരേ വസ്ത്രവും ഒരേ താളവുമായി ചുവടു വച്ചപ്പോൾ കാഴ്ചക്കാരും ആവേശത്തിലായി. ക്ഷേത്ര ദർശനത്തിനെത്തിയ ദേശീയ വനിതാ കമ്മിഷൻ അംഗം അർച്ചന മജുംദാർ മെഗാ തിരുവാതിര ഉണ്ടെന്നറിഞ്ഞ് അങ്ങോട്ടേക്കു എത്തുകയായിരുന്നു.

തുടർന്ന് ദേവസ്വം ബോർഡിന്റെയും സംഘാടകരുടെ അഭ്യർഥന മാനിച്ച് മെഗാ തിരുവാതിര അവർ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ഉത്സവത്തോടനുബന്ധിച്ചു നിർമിച്ച കാഴ്പ്പന്തലിന്റെ സ്വിച്ച് ഓൺ കർമം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം, നെന്മാറ– വല്ലങ്ങി വേല എന്നിവിടങ്ങിളിൽ മാത്രം ചെയ്തു വരുന്ന കാഴ്ചപ്പന്തലാണ് ഏറ്റുമാനൂരിൽ ഒരുങ്ങിയത്.

4 നിലകളിലായി 8 കെട്ടായാണ് കാഴ്ചപ്പന്തൽ. വർണ വിസ്മയം വിരിയിക്കുന്ന അലങ്കാര ബൾബുകളും ചിത്രപ്പണികളുമാണ് കാഴ്ചപ്പന്തലിന്റെ പ്രധാന ആകർഷണം. കല്യാണ മണ്ഡപമാണ് കാഴ്ചപ്പന്തലായി മാറ്റിയത്. ഏറ്റുമാനൂ‌രിന്റെ ഉത്സവ ചരിത്രത്തിലാദ്യമായി ഉയർന്ന കാഴ്ചപ്പന്തൽ കാണാനും മൊബൈലിൽ പകർത്താനും ആളുകളുടെ വലിയ തിരക്കാണ്.

രണ്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ രാവിലെ 5ന് പുരാണ പാരായണം, 7ന് ശ്രീബലി, സ്പെഷൽ പഞ്ചാരിമേളം –പേരൂർ സുരേഷ് ആൻഡ് പാർട്ടി, 11ന് ഓട്ടൻതുള്ളൽ അനിഷ്ക നായർ ഞീഴൂർ ആൻഡ് പാർട്ടി, 11.30 സംഗീത സദസ്സ്, 12ന് ക്ലാസിക്കൽ ഫ്യൂഷൻ ,12.30ന് ആത്മീയ പ്രഭാഷണം –ടി.ആർ.ശോഭന കുമാരി, ഉച്ചയ്ക്ക് ഒന്നിനു ഉത്സവബലി ദർശനം, 2 മുതൽ 3.40 വരെ തിരുവാതിര, വൈകുന്നേരം 4ന് നൃത്തസന്ധ്യ ,4. 20 ന് ക്ലാസിക്കൽ ഡാൻസ്, 5ന് കാഴ്ച ശ്രീബലി, വേല സേവ (സ്പെഷൽ പഞ്ചവാദ്യം– കലാമണ്ഡലം പ്രദീപ് ആൻഡ് പാർട്ടി), 8.30ന് വയലിൻ വിസ്മയം –വേദമിത്ര ആൻഡ് പാർട്ടി ,10.30ന് ഭരതനാട്യം ,11ന് നൃത്ത നൃത്യങ്ങൾ, 12ന് കൊടിക്കീഴിൽ വിളക്ക്.

Exit mobile version