Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്; അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി.

പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇന്നലെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനേട് നിർദേശിച്ചിരുന്നു.

പരാതിയുമായി ക്നാനായ സഭ
ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്ന് ക്നാനായ സഭ. കോട്ടയം അതിരൂപതയേയും അതിരൂപത അധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവളിക്കാൻ ശ്രമം നടക്കുകയാണെന്നാണ് പരാതി.
അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നൽകി. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Exit mobile version