തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പ്രതികള്‍ പിടിയില്‍.
ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം അഞ്ച് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിനെയും മറ്റൊരാളെയും പൊലീസ് പിടികൂടുകയാണ് ചെയ്തത്. നിതിന്‍ രാജ്, മനോജ്, ഷമിന്‍ എന്നിവരെ സിപിഐഎം പൊലീസിന് മുന്നില്‍ സറണ്ടറാക്കുകയായിരുന്നു.
ഇ ഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി ജോയ്, വി ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി കെ പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീലില്‍ ഇല്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സിപിഐഎം നേതാക്കള്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റ്.
ബേക്കറി ജങ്ഷനില്‍വെച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസിന്റേതായിരുന്നു നടപടി. ശ്രീജിത്തിനെ നന്ദാവനം എആര്‍ ക്യാമ്പിലേക്ക് മാറ്റി. ഇതേസമയം ഏരിയ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന നിതിന്‍ രാജ്, മനോജ്, ഷമിന്‍ എന്നിവരെ സിപിഐഎം നേതാക്കള്‍ പൊലീസിന് മുന്നില്‍ സറണ്ടറാക്കുകയായിരുന്നു.
