Site icon Malayalam News Live

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവ്

കൊച്ചി: അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയില്‍ തുടരുന്നു.

ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു.

ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കൊമ്പന്‍ ശാന്തനായി തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. ഡോക്ടർ അരുണ്‍ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നാണ് ഇന്നലെ ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചത്. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയില്‍ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.

Exit mobile version