Site icon Malayalam News Live

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; ആക്രമണത്തിൽ പാപ്പാന് പരിക്ക്, ആന ജനവാസമേഖലയിൽ, തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. പിന്നാലെ ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ​ഗേറ്റും, മതിലും തകർത്തു. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആനയെന്നാണ് സൂചന. ആനയെ തളക്കാന്‍ രണ്ടാം പാപ്പാനും മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇടവഴികളിലൂടെ പരിഭ്രാന്തി പരത്തി അലക്ഷ്യമായാണ് ജനവാസ മേഖലയിലൂടെ ആന നടക്കുന്നത്. ആനയെ എവിടേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന വിവരം ലഭ്യമല്ല. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആറിലധികം വാഹനങ്ങൾ ആന തകർത്തതായാണ് വിവരം. ആനയ്ക്കും പരുക്കേറ്റിട്ടുണ്ട്. ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് ആന.

Exit mobile version