Site icon Malayalam News Live

ആന എഴുന്നള്ളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍; ഓട്ടോറിക്ഷകളില്‍ നെറ്റിപ്പട്ടം കെട്ടി; പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഉത്സവകമ്മറ്റിക്കളുടെ എഴുന്നള്ളത്ത് പ്രതിഷേധം

പാലക്കാട്: ക്ഷേത്ര ഉത്സവങ്ങളില്‍ ആന എഴുന്നള്ളത്തിലും വെടിക്കെട്ടിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പാലക്കാട് ഉത്സവകമ്മറ്റിക്കളുടെ എഴുന്നള്ളത്ത് പ്രതിഷേധം നടത്തി.

പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ആനയ്ക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ഓട്ടോറിക്ഷ എഴുന്നള്ളിച്ചായിരുന്നു പാലക്കാട് ഉത്സവകമ്മറ്റിക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.
നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഓട്ടോറിക്ഷകള്‍, പഞ്ചവാദ്യത്തിൻ്റെ അകമ്പടി, ഒപ്പം മേള പ്രമാണിമാരും ആസ്വാദകരും.

കാണികളെ അഭിവാദ്യം ചെയ്ത് എഴുന്നള്ളിപ്പ് നഗരം ചുറ്റി. അഞ്ച് വിളക്ക് പരിസരത്ത് നിന്നും കളക്‌ട്രേറ്റിന്മുന്നില്‍ വരെയായിരുന്നു നീണ്ട പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചത്.

ഉത്സവ നടത്തിപ്പിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാലക്കാട് നഗരത്തില്‍ വിവിധ ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്പൂരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നിയമനിര്‍മാണം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Exit mobile version