തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കവുമായി കെഎസ്ഇബി. കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്.
റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുക. 5.96 രൂപ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം തന്നെ വൈദ്യുതി ലഭ്യമായി തുടങ്ങും.
കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പീക്ക് ടൈമില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്. ഡീപ് പോര്‍ട്ടല്‍ വഴി ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി. 15 മുതല്‍ 30 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും ഇതില്‍ കൂടുതല്‍ സമയം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നാണ് പരാതി.
