Site icon Malayalam News Live

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

കല്‍പ്പറ്റ: വോട്ട് ചെയ്ത ശേഷം കന്നിവോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത മധുരം ലഭിച്ചില്ലെന്ന പരാതിയുമായി യുവാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

 

വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നിവോട്ടറാണ് ഹല്‍വ കിട്ടാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലും ജില്ലാ കളക്ടറേറ്റിലും വിളിച്ച്‌ പരാതി നല്‍കിയത്.

 

വോട്ട് രേഖപ്പെടുത്തിയ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടെങ്കിലും ഇവിടെ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ നിരാശനായ യുവാവ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച്‌ പരാതി അറിയിക്കുകയായിരുന്നു.

 

ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജില്‍ കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുന്നതിനെക്കുറിച്ചുള്ള റീല്‍സ് കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ മധുരം പ്രതീക്ഷിച്ചതെന്നും യുവാവ് പറയുന്നു.

Exit mobile version