Site icon Malayalam News Live

വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായരാണ് വീടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യ ഓമന (74) ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. തലവടി പള്ളിമുക്ക് ജംങ്ഷന് സമീപമുള്ള വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാലില്‍ മുറിവേറ്റ് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഓമന മൂന്നു മാസമായി കിടപ്പിലായിരുന്നു.

ഭാര്യയും മക്കളുമായി നിരന്തരമായി വഴക്കടിച്ചിരുന്ന ശ്രീകണ്ഠന്‍ നായര്‍ വ്യാഴാഴ്ചയും വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ ഇളയ മകന്‍ ഉണ്ണി കിടന്ന മുറിയുടെ ജനാല തകര്‍ത്ത ശേഷം ശ്രീകണ്ഠന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ വെച്ചു. തുടര്‍ന്ന് ഭാര്യ കിടന്നിരുന്ന മുറിയിലും തീ വെച്ചു.

ഉണ്ണി ശ്രീകണ്ഠന്‍ നായരെ മുറിയില്‍ പൂട്ടിയിട്ട് അമ്മയെ രക്ഷിക്കാന്‍ ശ്രമം നടത്തി. കിടപ്പിലായിരുന്ന ഓമനയുടെ ദേഹത്തേക്ക് വീടിന്റെ സീലിങ്ങിന് ഉപയോഗിച്ചിച്ചിരുന്ന പ്ലാസ്റ്റിക് ഉരുകി വീഴുകയായിരുന്നു. ഈ സമയത്താണ് ഫാനില്‍ ശ്രീകണ്ഠന്‍ നായര്‍ തൂങ്ങിമരിച്ചത്.

Exit mobile version