Site icon Malayalam News Live

എൻ വാസുവിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; മൊഴികളിൽ വ്യക്തതയില്ലെന്ന് ഇഡി

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴികളിൽ വ്യക്തതയുണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാസുവിന് നോട്ടീസ് നൽകും. എൻ വാസുവിനെ ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിന് എന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വാസു കൃത്യമായി മറുപടി നൽകിയില്ല എന്നാണ് ഇഡി പറയുന്നത്. പാളികളിൽ പൂശിയതിന്റെ ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും ഇഡി വിലയിരുത്തുന്നു.

എൻ വാസു സാമ്പത്തിക നേട്ടമുണ്ടാക്കിയിയിട്ടുണ്ടോ എന്നാണ് ഇഡി സംശയിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വാസുവിന്റെ ബന്ധത്തിലും കൂടുതൽ അന്വേഷണം നടക്കും. അതേസമയം, തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. മാർച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തന്ത്രിക്ക് നോട്ടീസ് ലഭിച്ചത്.

Exit mobile version