Site icon Malayalam News Live

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. മ്യൂസിയം എസ്എച്ച്ഒയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ദിവസം ഇഡിയും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തിയത്. നാളെ തന്നെ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നതില്‍ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.

Exit mobile version