Site icon Malayalam News Live

ഷിരൂരിൽ തിരച്ചിലിനിടയിൽ മൃതദേഹം കണ്ടെത്തി, കരയിൽ നിന്ന് 25 കിലോമീറ്റർ അകലെനിന്നും കണ്ടെത്തിയത് ജീർണിച്ച നിലയിലായ പുരുഷ മൃതദേഹം, കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപ്പെ; അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യത, ഡിഎൻഎ പരിശോധന നടത്തുമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്

കർണാടക: ഷിരൂരിൽ അർജുൻ ദൗത്യത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. കരയിൽ നിന്ന് 25 കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഈശ്വർ മൽപ്പെ പറഞ്ഞു.

ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപ്പെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.

ഒഡിഷ സ്വദേശിയെയും സ്ഥലത്ത് നിന്ന് കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാൽ, ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും പ്രതികരിച്ചു.

കടലിൽ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മൽപ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.

Exit mobile version