Site icon Malayalam News Live

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്‍റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു.

ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്‌ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ പോർന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്.

ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിലെത്തി എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

ആത്മകഥാ വിവാദത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതല്‍ ഇപി ജയരാജൻ്റെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കില്‍ ഇപി വീണ്ടും പരാതി നല്‍കണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടില്‍ പറയുന്നു.

Exit mobile version