Site icon Malayalam News Live

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനുമായ ജിതിൻ ഭാസ്കർ അറസ്റ്റിൽ. കാഫി‍ർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. നേരത്തെ ജിതിൻ ഭാസ്കറിൻ്റെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. നേരത്തെ വടകര സ്ക്വാഡ‍് എന്ന ​ഗ്രൂപ്പിൻ്റെ അഡ്മിൻമാരായ ആറ് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പത്ത് പേരാണ് ​ഗ്രൂപ്പിൻ്റെ അഡ്മിന്മാർ. കാഫിർ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആദ്യ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണ സംഘം നേരത്തെ ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ എന്നാണ് വിവരം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. പിന്നാലെ, യുഡിഎഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റിലേക്ക് നയിച്ചത്.

Exit mobile version