Site icon Malayalam News Live

പ്രതീക്ഷകൾ ഫലം കണ്ടില്ല, ദുർഗയ്ക്ക് വിട; നേപ്പാൾ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗകാമിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കൾ തീരുമാനമെടുക്കും. ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദു‍ർ​ഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്. തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ. ഇന്നലെ വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു. അടിയന്തിര ചികിത്സ നൽകിയെങ്കിലും തുടർച്ചയായി ഹൃദസസ്തംഭനമുണ്ടായി.

ഡോക്ടർമാരുടെ കഠിന പരിശ്രമങ്ങൾക്ക് ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫെയ്സ്ബു്ക്കിൽ കുറിച്ചു. നാളുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ദുർഗ കാമിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. രാജ്യത്ത് ആദ്യമായി ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു എറണാകുളത്ത് നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ ദുർഗയ്‌ക്ക്‌ മാറ്റിവച്ചത്‌.

Exit mobile version