Site icon Malayalam News Live

മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി തര്‍ക്കം; കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടയം: കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊച്ചി മഴുന്നവന്നൂര്‍ സ്വദേശി പ്രസാദ് കുമാര്‍ ആണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തിനിടെ കോടാലിക്ക് തലയ്ക്ക് അടിക്കുക ആയിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്.

പ്രസാദിന്റെ തലയ്ക്ക് അടിച്ച രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ വധശ്രമത്തിനായിരുന്നു കേസെടുത്തിരുന്നത്. പ്രസാദിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും.

മദ്യപാനത്തിനിടെ മൂവര്‍ക്കും ഇടയിലുണ്ടായ തര്‍ക്കമാണ് കോടാലി കൊണ്ടുള്ള അടിയില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസാദ് കുമാറിനെ കോടാലി കൊണ്ട് അടിച്ച ശേഷം സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രസാദ് കുമാറിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു. തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമായതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാരും പൊലീസും.

Exit mobile version