Site icon Malayalam News Live

തിരൂരിൽ നവവധൂഗൃഹത്തിൽ ലഹരി ഒളിപ്പിച്ച് നവവരൻ; കയ്യോടെ പൊക്കി പൊലീസ്

മലപ്പുറം തിരൂരിൽ നവവരൻ ലഹരിയുമായി പിടിയിലായി. വധുവിന്റെ വീട്ടിലെ മണിയറയിലെ ശുചിമുറിയിൽ ഒളിപ്പിച്ച എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനാണ്(26) പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ ഷിബാന്റെ കാറിൽ നിന്ന് തിരൂരിൽ വെച്ച് പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിലും എംഡിഎംഎ സൂക്ഷിച്ചതായി ഷിബാൻ വെളിപ്പെടുത്തിയത്. ഉപയോഗത്തിനും വില്പനയ്ക്കുമായി എത്തിച്ചതാണ് ഇതെന്നും ബാക്കിയുള്ളവയാണ് ഭാര്യയുടെ വീട്ടിൽ സൂക്ഷിച്ചതെന്നുമായിരുന്നു ഷിബാൻ പറഞ്ഞത്. തുടർന്ന് വീട്ടിലെത്തി പരിശോധിച്ച പൊലീസ് മുകളിലത്തെ നിലയിലെ മണിയറയിലെ ബാത്ത്‌റൂമിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version