Site icon Malayalam News Live

സ്കൂളിൽ നിന്നു മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായി; പരിശോധനയിൽ ശരീരത്തിൽ ലഹരി സാന്നിധ്യം; യുകെജി വിദ്യാർത്ഥി സ്കൂളിൽ നിന്നു കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം; പരാതിയുമായി കുടുംബം

കോട്ടയം: നാലുവയസ്സുകാരൻ സ്കൂളിൽ നിന്നു കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. മണർകാട് അങ്ങാടിവയൽ സ്വദേശിയായ യുകെജി വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. മിഠായി ആരു നൽകി എന്നത് അവ്യക്തമാണ്.

കഴിഞ്ഞ 17ന് സ്കൂളിൽ നിന്നു മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കുട്ടി രോഗബാധിതനാണെന്നു കരുതി വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിക്ക് ഉയർന്ന അളവിൽ രക്തസമ്മർദ്ദവും അനുഭവപ്പെട്ടു.

19ന് വൈകിട്ട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ ബെൻസോഡയാസിപൈൻസ് എന്ന ലഹരിപദാർത്ഥം എത്തിയതായി കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കൾ ഇന്നലെ കളക്ടർക്കു പരാതി നൽകി.

ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ രോഗാവസ്ഥയുള്ളവരുടെ ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിഭാഗമാണു ബെൻസോഡയാസിപൈൻസ്.

Exit mobile version