Site icon Malayalam News Live

കഞ്ചാവ് ചില്ലറ വിൽപനയ്ക്കു ഡിജിറ്റൽ ത്രാസ് അടക്കം കയ്യിൽ കരുതി ലഹരി വിൽപന സംഘങ്ങൾ; മൂന്ന് മാസത്തിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20.7 കിലോഗ്രാം കഞ്ചാവ്

കോട്ടയം: കഞ്ചാവ് ചില്ലറ വിൽപനയ്ക്കു ഡിജിറ്റൽ ത്രാസ് അടക്കം കയ്യിൽ കരുതി ലഹരിമരുന്ന് വിൽപന സംഘങ്ങൾ. ബംഗാൾ– അസം അതിർത്തിയിൽ നിന്നു വിൽപനയ്ക്ക് എത്തിച്ച 20.7 കിലോഗ്രാം കഞ്ചാവാണു കോട്ടയം റെയിൽവേ സ്റ്റേഷനിൽ 3 മാസത്തിനിടെ പിടികൂടിയത്.

പ്രതികളിലേറെയും ബംഗാൾ, അസം സ്വദേശികളാണ്. പ്രതികളിൽ നിന്നു ഡിജിറ്റൽ ത്രാസുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് റെയിൽവേ സ്റ്റേഷനിലും പരിസരത്തും വിൽപന നടത്താനാണു ചെറിയ ത്രാസ് ഉപയോഗിക്കുന്നത്.

ബംഗാൾ – അസം അതിർത്തി മേഖലകളിലെ തോട്ടങ്ങളിൽ നിന്നാണു ട്രെയിൻ മാർഗം ജില്ലയിലേക്കു കഞ്ചാവ് എത്തുന്നത്. ഒരു കിലോ കഞ്ചാവിനു 500 രൂപയാണു വില. കോട്ടയത്തു എത്തിക്കുമ്പോൾ കിലോയ്ക്കു 10,000 രൂപ വരെ ലഭിക്കും.

വൻലാഭം പ്രതീക്ഷിച്ചു കഞ്ചാവ് കടത്തുന്ന അതിഥിത്തൊഴിലാളി സംഘങ്ങൾ ജില്ലയിലുണ്ട്. റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫ്, സിപിഒ ശരത്, എസ്‌സിപിഒ ഹരിജിത്ത്, ഉദ്യോഗസ്ഥരായ ഫിലിപ്പ് ജോൺ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണു മൂന്നു മാസത്തിനിടെ 20.7കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

Exit mobile version