കണ്ണൂർ പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് നല്‍കിയ മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന്‍റെ ആരോഗ്യനില വഷളായ സംഭവം മൂന്ന് ദിവസം മുമ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. മരുന്ന് ഓവർഡോസായി കുട്ടിയുടെ കരളിനെ ബാധിക്കുകയായിരുന്നു.
പനിയെ തുടര്‍ന്ന് ഈ മാസം എട്ടിനാണ് ഡോക്ടർ കുട്ടിക്ക് പനിക്കുള്ള കാൽപോൾ സിറപ്പ് എഴുതി നൽകിയത്. എന്നാല്‍ മെഡിക്കൽ ഷോപ്പിൽ നിന്ന് കാൽപോൾ ഡ്രോപ്സാണ് നൽകിയതെന്നാണ് ആരോപണം. രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം മനസിലാകുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു.
തുടർന്നാണ് കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായത്. കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. മെഡിക്കൽ ഷോപ്പിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പും ഡ്രോപ്‌സും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഡോ. സൗമ്യ ആദ്യമേ തന്നെ പറയുന്നത്.
സിറപ്പ് എന്നത് കുറച്ച് കൂടി വലിയ കുപ്പിയിലാണ് ലഭിക്കുന്നത്. ഡ്രോപ്‌സ് എന്നത് ഫില്ലറുമായി വരുന്ന ചെറിയ ബോട്ടിലാണെന്നും ഡോ. സൗമ്യ വ്യക്തമാക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ ഘടകങ്ങളുടെ അളവിലും വലിയ വ്യത്യാസമുണ്ട്.
അഞ്ച് മില്ലി സിറപ്പ് എടുത്താന്‍ അതില്‍ എത്ര mg മരുന്ന് അടങ്ങിയിരിക്കുന്നു എന്നത് പരിഗണിച്ചാണ് ഡോക്ടര്‍ മരുന്നു കുറിക്കുന്നത്. കുട്ടിയുടെ ശരീരഭാരം അനുസരിച്ചാണ് ഡോക്ടര്‍ ഡോസ് കുറിക്കുന്നത്. ഡ്രോപ്‌സ് എന്നുപറയുമ്പോള്‍ ആളുകളുടെ പൊതുധാരണ അതു ചെറിയ ഒരു തുള്ളി മാത്രമാണ് എന്നതാണ്. എന്നാല്‍ സിറപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആ ഒരു തുള്ളിയില്‍ അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവ് വളരെ ഉയര്‍ന്നതാണ് എന്നതാണ് യഥാര്‍ത്ഥ്യം എന്നും ഡോ. സൗമ്യ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
ഡോ. സൗമ്യയുടെ ഫേസ്ബുക്ക് വീഡിയോ :
