തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മൈസൂരുവില്‍ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തില്‍ സജീവം.
മൈസൂരുവില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മോട്ടോർവാഹന വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
ഡ്രൈവർ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജൻ്റുമാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ, കർണാടകയില്‍ പോകാതെ ലൈസൻസ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറെന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആർടിഒ കഴിഞ്ഞ വർഷം ഡിസംബർ 20ന് മൈസൂരിലുള്ള ഒരു വിലാസത്തില്‍ ലൈസൻസ് ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, 1970ല്‍ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിന്റെ ഡ്രൈവിങ് ലൈസൻസിലുള്ളത് ഒരു യുവാവിന്റെ ചിത്രമാണ്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസില്‍ ദിവസങ്ങള്‍ക്കകം അപേക്ഷ നല്കി.
ഡിസംബർ 28ന് തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തെ വിലാസത്തില്‍ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ഇതേ മുഹമ്മദ് ബഷീർ ലൈസൻസിനായി സമർപ്പിച്ച ആധാറുകളെ കുറിച്ചും അന്വേഷിച്ചു.
