Site icon Malayalam News Live

ദൃശ്യം 3 കുറച്ചുകൂടി ഇമോഷണൽ ആണ്; ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേൺ ആയിരിക്കും; ജീത്തു ജോസഫ്

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. പ്രധാന കഥാപാത്രങ്ങളായ ജോർജ്ജ് കുട്ടിയെയും കുടുംബത്തെയും ഏറ്റെടുത്ത പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വ്യക്തമാക്കി ജീത്തു ജോസഫ്. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Exit mobile version