Site icon Malayalam News Live

ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവ്, ദൃശ്യം 3 പ്രഖ്യാപിച്ചു; ഇത്തവണ ജോര്‍ജുകുട്ടി അകത്താകുമോ? വരുണിന് നീതി കിട്ടുമോ?

കൊച്ചി: ബുദ്ധിരാക്ഷസനായ നാലാം ക്ലാസുകാരൻ വീണ്ടും എത്തുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ക്രൈം ത്രില്ലർ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു.

ദൃശ്യം 2 കണ്ടശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സംവിധായകൻ ജീത്തു ജോസഫിനോട് നിരന്തരം ചോദിക്കാറുണ്ടായിരുന്ന ചോദ്യമായിരുന്നു ദൃശ്യം 3 ഉണ്ടാകുമോ എന്നത്. അപ്പോഴെല്ലാം സ്ക്രിപ്റ്റ് എഴുതിയിട്ട് പോലുമില്ലെന്നും നടന്നാല്‍ നടന്നുവെന്നേ പറയാൻ കഴിയൂവെന്നുമായിരുന്നു ജീത്തുവിന്റെ മറുപടി.

അതുകൊണ്ട് തന്നെ മൂന്നാം ഭാഗം വരുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷ മങ്ങി തുടങ്ങിയിരുന്നു. എന്നാല്‍ എല്ലാ സിനിമാപ്രേമികളേയും ഞെട്ടിച്ചുകൊണ്ട് മോഹൻലാല്‍ തന്നെ ദൃശ്യത്തിന് മൂന്നാം ഭാഗം ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്.
ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.

സംവിധായകൻ ജീത്തു ജോസഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള ഒരു ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചു. അപ്രതീക്ഷിതമായി ദൃശ്യം 3യുടെ അനൗണ്‍സ്മെന്റ് വന്നതോടെ സോഷ്യല്‍മീഡിയ കത്തി.

ഇത്തവണ ജോർജുകുട്ടി അകത്താകുമോ? വരുണിന് നീതി കിട്ടുമോ? എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളും മോഹൻലാലിന്റെ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ഇതിനുമുകളില്‍ കാത്തിരുന്ന ഒരു അനൗണ്‍സ്മെന്റില്ല, എമ്ബുരാനെക്കാള്‍ ഹൈപ്പ് ദൃശ്യം ത്രീക്ക് ലഭിക്കും. ഒടിടിക്ക് വില്‍ക്കാതെ തിയേറ്ററില്‍ റീലിസ് ചെയ്യണം, നാലാം ക്ലാസുകാരന്റെ മൂന്നാം വരവ് കാണാൻ കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Exit mobile version