ഡോ വന്ദന ദാസ് വധക്കേസിൽ ശിക്ഷ മറ്റന്നാൾ വിധിക്കും; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും. പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.

2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.