Site icon Malayalam News Live

ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍; 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിൽ

ഡബ്ലിന്‍: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍.
ആന്‍ട്രിം ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോന്‍ പുഴക്കേപറമ്പില്‍ ശശി (ജോസ്മോന്‍ പി എസ് – 29) ആണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസിന്റെ പിടിയിലായത്.

രാത്രി പത്തുമണിയോടെയാണ് ജോസ്മോന്‍ വീട്ടില്‍വെച്ച് ഭാര്യയെ തീകൊളുത്തി. ശരീരത്തിന്റ 25 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്.
വീടിന്റെ മുന്‍വാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസിനെ ഉദ്ധരിച്ച് പോലീസ് കോടതിയെ അറിയിച്ചു.

കാര്‍ ഓയില്‍ ഒരു കാനില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുന്നതിനിടെ പൈജാമയിലേക്ക് തീപടരുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തീപടരുന്നത് കണ്ട ഭര്‍ത്താവ് തന്നെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍, ജോസ്മോന്റെ ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. അതേസമയം യുവതിയോട് ഭര്‍ത്താവ് പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
യുവതി പതിവായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതായി സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. വധശ്രമം, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തപ്പെട്ട ജോസ്മോന്റെ ജാമ്യാപേക്ഷ ക്രൗണ്‍ കോടതി തള്ളി.
കോളിറെയ്നി മജിസ്ട്രേട്ട് കോര്‍ട്ട് ഒക്ടോബര്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലാണ് സംഭവം.

Exit mobile version