Site icon Malayalam News Live

‘ഒബാമ ഇറാനെ ആക്രമിക്കുന്നത് സ്വന്തം കഴിവുകേട് കൊണ്ട്’; ചർച്ചയായി ട്രംപിൻ്റെ പഴയ നിലപാട്

ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വർഷങ്ങൾക്ക് മുമ്പ് പങ്കുവെച്ച എക്‌സ് കുറിപ്പ് ചർച്ചയാകുന്നു. ഇറാനെതിരായ നിലവിലെ നീക്കത്തിന് വിരുദ്ധമായ നിലപാടാണ് ട്രംപ് അന്ന് സ്വീകരിച്ചത് എന്ന് വ്യക്തമാകുന്നതാണ് 2013ലെ ഈ കുറിപ്പ്. അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇറാനെതിരായ നീക്കത്തെ വിമർശിച്ചായിരുന്നു ട്രംപ് പ്രതികരിച്ചത്. ചർച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണമാണ് ഒബാമ ഇറാനെ ആക്രമിക്കുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘പ്രസിഡന്റായ ബരാക് ഒബാമയ്ക്ക് ശരിയായ രീതിയിൽ വിഷയങ്ങളെ ചർച്ചചെയ്യാനുള്ള കഴിവില്ല, അതിന്റെ പേരിലാണ് ഇറാനെതിരെ നീങ്ങുന്നത്. അത് താൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നു’ എന്നായിരുന്നു 2013 നവംബർ 11ന് അദ്ദേഹം പങ്കുവെച്ച കുറിപ്പ്.

2012ൽ സമാന രീതിയിലുള്ള മറ്റൊരു കുറിപ്പും ട്രംപ് പങ്കുവെച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനായി ഒബാമ ഇറാൻ കാർഡ് ഇറക്കുകയാണെന്നും റിപ്പബ്ലിക്കുകാർ അതിൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു അത്. അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, അതായത് 2012 ഒക്ടോബർ 22നായിരുന്നു ഈ കുറിപ്പ്. ഇതിനു വിപരീതമായി ഇറാനെതിരെ കടുത്ത നീക്കത്തിനാണ് ഇപ്പോൾ ട്രംപ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Exit mobile version