Site icon Malayalam News Live

പ്രമാദമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കല്യാണി എന്ന പൊലീസ് നായയുടെ മരണത്തില്‍ ദുരൂഹത.

 

തിരുവനന്തപുരം : നായ ചത്തത് വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെളിപ്പെടുതത്തിയതോടെയാണ് ദുരൂഹതയേറിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൂന്തുറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം, പൊലീസ് നായ ചത്ത സംഭവത്തില്‍ മൂന്നുപൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്‌ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. ഇതുസംബന്ധിച്ച്‌ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിറങ്ങി.

ഇൻസ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ഇക്കഴിഞ്ഞ ഇരുപതിനാണ് ചത്തത്. സിറ്റി പൊലീസ് ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണിക്ക് എട്ടുവയസായിരുന്നു. പരിശീലനം കഴിഞ്ഞ് 2015 ലാണ് സേനയുടെ ഭാഗമായത്. പ്രവര്‍ത്തന മികവുകൊണ്ട് സേനയ്ക്കുള്ളിലും പുറത്തും കല്യാണിക്ക് നിരവധി ആരാധകരാണുണ്ടായിരുന്നത്.

സ്‌നിപ്പര്‍ / എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍പ്പെട്ട കല്യാണി ആ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു. കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കല്യാണി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളില്‍ പങ്കെടുക്കുകയും നിരവധി ബഹുമതികള്‍ നേടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയുടെ 2021 വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.10 ഓളം ഗുഡ് സര്‍വീസ് എൻട്രി എന്ന അപൂര്‍വ്വ നേട്ടവും കല്യാണി സ്വന്തമാക്കിയിരുന്നു. വയറിലുണ്ടായിരുന്ന ട്യൂമറിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലിരിക്കേയാണ് ചത്തത്.

Exit mobile version