Site icon Malayalam News Live

വേണ്ടത്ര ഡോക്ടർമാർ ഇല്ല; കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൻ്റെ പ്രവർത്തനം താളംതെറ്റുന്നു; 6 ഡോക്‌ടർമാർ വേണ്ടിടത്ത് 3 പേർ മാത്രം; ശസ്ത്രക്രിയകളും വൈകുന്നു

കോട്ടയം: വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൻ്റെ പ്രവർത്തനം താളംതെറ്റുന്നു. അസോസിയേറ്റ് പ്രഫസർ-1, അസിസ്‌റ്റൻ്റ് പ്രഫസർ-3, പ്രഫസർ-2 എന്നിങ്ങനെ 6 ഡോക്‌ടർമാർ വേണ്ടിടത്ത് 3 പേർ മാത്രമാണുള്ളത്. 3 അസിസ്‌റ്റന്റ് പ്രഫസർമാരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.

ആഴ്ചയിൽ 2 ഒപികളിലായി 200ലധികം രോഗികളാണ് എത്തുന്നത്. ഇതിനു പുറമേ ഗുരുതരാവസ്ഥഥയിലുള്ള രോഗികളെയും മറ്റ് ആശുപത്രികളിൽനിന്നു റഫർ ചെയ്‌തുവരുന്ന അടിയന്തര ചികിത്സ ആവശ്യമുള്ളവരെയും നോക്കേണ്ടത് ഈ 3 ഡോക്ട‌ർമാർ തന്നെ. 63 പേർ കിടപ്പുരോഗികളാണ്. ഇതിൽ 40 പേർ ശസ്ത്രക്രിയ കാത്തിരിപ്പാണ്.

മുൻപ് മാസം 60 ശസ്ത്രക്രിയകൾ ന്യൂറോ സർജറി വിഭാഗത്തിൽ നടന്നിരുന്നു. എന്നാൽ, ഡോക്ട്‌ർമാരുടെ കുറവ് മൂലം ഇപ്പോൾ മാസം 40 ശസ്ത്രക്രിയ മാത്രമാണ് നടത്താനാകുന്നത്. അതും ഡോക്ടർമാർ അധികജോലി ചെയ്‌താണ് അടിയന്തര സ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നത്. മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്നു വ്യത്യസ്‌തമായി കൂടുതൽ രോഗികൾ എത്തുന്നത് കോട്ടയത്താണ്.

താരതമ്യേന കേസുകൾ കുറവുള്ള കോഴിക്കോട്, തിരുവനന്തപുരം പോലുള്ള മെഡിക്കൽ കോളജുകളിൽ 12 മുതൽ 14 ഡോക്ടർമാരാണ് ഉള്ളത്. ശസ്ത്രക്രിയകളുടെയും രോഗികളുടെയും എണ്ണം പരിഗണിച്ച് ഒഴിവുകൾ നികത്തണമെന്നും അധിക തസ്തികകൾ അനുവദിക്കണമെന്നുമുള്ള ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാകും.

Exit mobile version