മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 സ്ത്രീകളെ റിമാൻഡ് ചെയ്‌തു. ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ(36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ(35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ(33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല(36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. സീനിയർ ലേഡി ഗൈനക്കോളജിസ്‌റ്റ് പെരിന്തൽമണ്ണ പഞ്ചമ സ്കൂൾ റോഡിലുള്ള ഡോ. എടി സിനിയെ (48) കഴിഞ്ഞ 2ആം തീയതി വൈകിട്ടാണ് നാലുപേർ ചേർന്ന് മർദിച്ചത്. വീട്ടിൽ രോഗികളെ പരിശോധിക്കുന്ന മുറിയിൽ വച്ചാണ് ഡോക്ടർക്ക് മർദനമേറ്റത്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല്ലാം മരിച്ച സ്ത്രീയുടെ ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു.
