തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫീസിൽ അനിശ്ചിതത്വം തുടരുന്നു. ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത ഉത്തരവുമായെത്തിയ ഡോ.കെജെ റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാൻ താൽക്കാലിക ഡയറക്ടർ ഡോ. വി മീനാക്ഷി തയ്യാറായില്ല. ഇരുവരും ഓഫീസ് സമയം കഴിയും വരെ ഡിഎച്ച്എസ് ചേമ്പറിൽ തുടർന്നു. തർക്കത്തെ തുടർന്ന് ഇന്ന് നടക്കേണ്ട പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി. ട്രിബൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡോ കെ ജെ റീനക്കെതിരായ നടപടി സ്റ്റേ ചെയ്തത്.
മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയത് കൊണ്ടുള്ള സ്വാഭാവിക നടപടിയെന്ന് സർക്കാർ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. പിന്നാലെയാണ് ട്രൈബ്യൂണൽ ഉത്തരവുമായി റീന ജോലിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ വി മീനാക്ഷി കസേര ഒഴിഞ്ഞു നൽകാൻ തയ്യാറായില്ല. ഒഴിയേണ്ടതില്ലെന്ന് സർക്കാർ നിർദേശം ലഭിച്ചു എന്നാണ് വിവരം. ഇരുവരും ജോലി സമയം കഴിയും വരെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ തുടർന്നു. ഇതോടെ പകർച്ചവ്യാധി പ്രതിരോധങ്ങൾ ചർച്ച ചെയ്യേണ്ട ഹൈപവർ കമ്മിറ്റിയുടെ യോഗവും ഇന്ന് നടന്നില്ല.
