ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി.
ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകള്‍ക്കെതിരെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു.
അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികള്‍.
സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിംഗ് റിപ്പോർട്ട് പ്രകാരമാണ് ഡോക്ടർമാരുടെ തുടർപരിശോധനകള്‍ എങ്കിലും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും.
വീഴ്ച കണ്ടെത്തിയാല്‍ സസ്‌പെൻഷനോ സ്ഥലം മാറ്റമോ നല്‍കുന്നതിനും ആലോചനയുണ്ട്
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു.. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാല്‍ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.
