Site icon Malayalam News Live

ലൈംഗികാതിക്രമ കേസിനെ തുടർന്ന് രഞ്ജിത്തിന് വീണ്ടും തിരിച്ചടി; ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജിഎസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് നടി പരാതി നൽകിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയത്. മാനസികാഘാതത്തിലായ യുവനടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമായിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

Exit mobile version