Site icon Malayalam News Live

ജോലി ചെയ്യുന്നവരെ സ്വന്തം ആളുകളെപ്പോലെ സ്നേഹിക്കും, പ്രത്യേക സ്വഭാവക്കാരിയാണ്, സിൽക്ക് സ്‌മിതയെ കുറിച്ച് ഹിറ്റ് സംവിധായകൻ കൃഷ്ണ വംശി

ഡൽഹി: ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണ നടിയാണ് സിൽക്ക് സ്‌മിത. ‘ഇന്ത്യൻ സിനിമയുടെ മർലിൻ മൺറോ’ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. പതിനേഴ് വർഷം നീണ്ടുനിന്ന കരിയറിൽ അഞ്ച് ഭാഷകളിലായി നാനൂറ്റി അമ്പതിലധികം സിനിമകളിൽ സിൽക്ക് സ്‌മിത വേഷമിട്ടിട്ടുണ്ട്.

വർഷങ്ങൾക്കു ശേഷം സിൽക്ക് സ്‌മിതയെ കുറിച്ച് ഓർക്കുകയാണ് തെലുങ്കിലെ ഹിറ്റ് സംവിധായകൻ കൃഷ്ണ വംശി. ‘കരിയറിന്റെ തുടക്കകാലത്ത് സിനിമയിൽ അവസരം ലഭിക്കാൻ സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ പോകുമായിരുന്നു.

ഒരിക്കൽ ഒരു പരിചയക്കാരൻ എന്നെ ത്രിപുരാനിലെ വരപ്രസാദ റാവുവിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. അദ്ദേഹം സിൽക്ക് സ്‌മിതയ്ക്കൊപ്പം സിനിമ ചെയ്യുകയായിരുന്നു അപ്പോൾ. അവിടെയും ഞാൻ സജീവമായി പ്രവർത്തിച്ചു. സ്‌മിത ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനുശേഷം സ്‌മിത വീരവിഹാരം എന്ന സിനിമ നിർമ്മിച്ചു.

എനിക്കും അവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏതാനും മാസങ്ങൾ പ്രൊഡക്ഷനിൽ ഞാൻ ജോലി ചെയ്തു. അങ്ങനെ സ്‌മിതയുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. അവരൊരു അതുല്യ സ്വഭാവക്കാരിയാണ്.

ഇതിനുശേഷമാണ് ഞാൻ റോസ് എന്ന സിനിമയിലൂടെ സംവിധായകനായത്. ഞാൻ ഞെട്ടിപ്പോയി. മടിച്ചുനിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ ഓർമ്മയില്ലേയെന്ന് അവർ ചോദിച്ചു. എന്നെ ഓർക്കുന്നുണ്ടോയെന്ന് ചിന്തിക്കുകയായിരുന്നുവെന്ന് ഞാനന്ന് മറുപടി നൽകി. എന്റെ റോസ് എന്ന സിനിമ കണ്ടുവെന്നും മനോഹരമായിരുന്നുവെന്നും അവർ പറഞ്ഞു.

ഡ്രൈവർ ആയാലും മേക്കപ്പ് മാൻ ആയാലും തനിക്കുവേണ്ടി ജോലി ചെയ്യുന്നവരെ സ്വന്തം ആളുകളെപ്പോലെയാണ് സ്‌മിത കണ്ടിരുന്നത്.’- വംശി അഭിമുഖത്തിൽ വെളിപ്പെടുത്തി.

ആന്ധ്രയിലെ ഡെണ്ട്‌ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്‌മി എന്ന സിൽക്ക് സ്‌മിതയുടെ ജനനം. സാമ്പത്തിക പരാധീനതകൾമൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച സിൽക്ക് വീട്ടുകാരുടെ നിർബന്ധം കാരണം പതിനാലാം വയസിൽ വിവാഹിതയായി.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം ഏറെ വൈകാതെ സിൽക്ക് സ്‌മിത തന്റെ അമ്മായിയോടൊപ്പം ചെന്നൈയിലേക്ക് പലായനം ചെയ്തു. സിനിമയിൽ ടച്ച് അപ്പ് ആർട്ടിസ്റ്റായാണ് സ്‌മിത തുടക്കം കുറിച്ചത്.

പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിക്കാൻ തുടങ്ങി. നടനും സംവിധായകനുമായ വിനു ചക്രവർത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്ളോർ മില്ലൽ വച്ച് സിൽക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്.

വിനു ചക്രവർത്തി സ്‌മിതയ്ക്ക് അഭിനയത്തിലും നൃത്തത്തിലും പരിശീലനം നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു. 1980ൽ ആണ് സ്‌മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിചക്രം എന്ന സിനിമയിലെ ‘സിൽക്ക്” എന്ന ബാർഗേളിന്റെ കഥാപാത്രം സ്‌മിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1982ൽ രജനികാന്തിന്റെ മൂൻട്ര് മുഖം കൂടി റിലീസായതോടെ തമിഴ് സിനിമ സിൽക്ക് സ്‌മിതയെ തങ്ങളുടെ രതിദേവതയായി അവരോധിക്കുകയായിരുന്നു.

Exit mobile version