Site icon Malayalam News Live

ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം ; ബ്രിജ് ഭൂഷന്‍റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ഫെഡറേഷൻ അധ്യക്ഷനായതിനെതിരേ ഗുസ്തിതാരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.

 

ന്യൂഡൽഹി : ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം. ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.ഗുസ്തി ഫെഡറേഷന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ കണക്കിലെടുത്താണ് നടപടി. പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദേശീയ മത്സരങ്ങള്‍ക്കുള്ള തീയതിയും സ്ഥലവും അടക്കം പ്രഖ്യാപിച്ചിരുന്നു.

തിടുക്കത്തിലുള്ള നീക്കം ഗുസ്തി ഫെഡറേഷന്‍റെ ഭരണഘടനാപ്രകാരം തെറ്റാണെന്നും കായികമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായാണ് സാക്ഷി ബൂട്ടഴിച്ച്‌ വച്ച്‌ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ പദ്മശ്രീ തിരികെ നല്‍കി ബജ്‌റംഗ് പൂനിയയും ശക്തമായായി പ്രതിഷേധിച്ചിരുന്നു.

ബ്രിജ് ഭൂഷന്‍റെ സ്ഥലമായ യുപിയിലെ ഗോണ്ടയില്‍ അണ്ടര്‍ 15, അണ്ടര്‍ 20 മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചതിനെതിരെയും സാക്ഷി മാലിക് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത് വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ നിര്‍ണായക ഇടപെടലുണ്ടായത്.

Exit mobile version