Site icon Malayalam News Live

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് : ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി 45കാരിയായ ഗീത ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം സംഭവിച്ചത്. അങ്കണവാടി ജീവനക്കാരിയായിരുന്നു ഇവർ. പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മെയ് മാസത്തിൽ 2 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ‘ബ്രേക്ക്‌ബോണ് ഫീവര്‍’ എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയര്‍ന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ധിയില്‍ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അത് അയാളുടെ രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.

കഠിനമായ തലവേദന, കണ്ണുകളുടെ പിന്നില്‍ വേദന, സന്ധികളുടെയും പേശികളുടെയും വേദന, ക്ഷീണം, ചര്‍മത്തിലെ ചുവന്ന പാടുകള്‍, വയറ് വേദന, ഛര്‍ദ്ദി, പെട്ടെന്നുള്ള ഉയര്‍ന്ന പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Exit mobile version