Site icon Malayalam News Live

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമറിനും ഷർജീലിനും ജാമ്യമില്ല; മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യം

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡല്‍ഹി ഹൈക്കോടതി വിധിന്യായം അംഗീകരിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലൂടെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന്‍ , ഷിഫാ ഉര്‍ റഹ്‌മാന്‍ ,ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Exit mobile version