Site icon Malayalam News Live

മദ്യപിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു; മനോവിഷമത്തിൽ വീട്ടിലെത്തിയ വിദ്യാർത്ഥി ശൗചാലയത്തിലെ കമ്പിയില്‍ തൂങ്ങിമരിച്ചു; നിർബന്ധിപ്പിച്ച്‌ മദ്യം കുടിപ്പിച്ചശേഷം റാഗ് ചെയ്തതിന്റെ മനോവിഷമത്തിലാണ് മകൻ മരിച്ചതെന്ന ആരോപണവുമായി രക്ഷിതാക്കൾ

തിരുവല്ലം: തിരുവനന്തപുരം തിരുവല്ലത്ത് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തതിന്റെ മനോവിഷമത്തില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീട്ടിലെത്തിയ വിദ്യാർത്ഥിയെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളാർ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകൻ ബിജിത്ത് കുമാർ(19) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാർത്ഥിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്ന് മൃതദേഹവുമായി വണ്ടിത്തടത്തെ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.

സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള വണ്ടിത്തടം എം.ജി. കോളേജ് ഓഫ് എൻജിനീയറിങ്ങില്‍ പോളിടെക്നിക് വിഭാഗത്തിലുള്ള ഇലക്‌ട്രിക് ആൻഡ് ഇലക്‌ട്രോണിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച ബിജിത്ത്. കോളേജിലെ ക്ലാസ് മുറിയില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ കണ്ടെത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകൻ, പ്രിൻസിപ്പലിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് തിരുവല്ലം പോലീസിലും വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വിദ്യാർത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. നടപടിയുടെ ഭാഗമായി ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ പ്രിൻസിപ്പല്‍ ഡോ. ജെയ്കുമാർ സസ്പെൻഡ് ചെയ്തതായി സ്ഥലത്തെത്തിയ രക്ഷിതാക്കളെ അറിയിച്ചു.

ശേഷം ബിജിത്ത് കുമാർ ഉള്‍പ്പെട്ട വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറി രാമചന്ദ്രൻ പറഞ്ഞു. വീട്ടിലെത്തിയശേഷം ബിജിത്ത്കുമാർ മുറിയില്‍ കയറി കതകടച്ച്‌ കിടന്നിരുന്നു. ബിജിത്തിന്റെ അച്ഛൻ ബിജു ജോലിചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. മുറിയില്‍ കയറിയ ബിജിത്തിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ കതക് ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ശൗചാലയത്തിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടൻ തന്നെ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് തിരുവല്ലം പോലീസ് സ്ഥലത്തെത്തി. ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികള്‍ നിർബന്ധിപ്പിച്ച്‌ മദ്യം കുടിപ്പിച്ചശേഷം റാഗ് ചെയ്തതിന്റെ മനോവിഷമത്തിലാണ് തങ്ങളുടെ മകൻ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. സ്ഥാപനത്തില്‍ റാഗിങ് പോലുളള സംഭവം നടന്നിട്ടില്ലെന്നും ക്ലാസ് മുറിയില്‍ മദ്യപിച്ചതിനെ തുടർന്ന് ബിജിത് ഉള്‍പ്പെട്ട അഞ്ചുപേരെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നും പ്രിൻസിപ്പില്‍ ഡോ. ജെയ്കുമാർ പറഞ്ഞു.

വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം വീട്ടുകാർ ഉന്നയിച്ച ആരോപണം അന്വേഷിക്കുമെന്ന് തിരുവല്ലം എസ്.എച്ച്‌.ഒ. ജെ. പ്രദീപ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബിജിതയാണ് ഏക സഹോദരി. കൗണ്‍സിലർമാരായ പനത്തുറ ബൈജു, ഡി.ശിവൻകുട്ടി, സത്യവതി എന്നിവരുടെ നേതൃത്വത്തിലുളള നേതാക്കളാണ് ബിജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചത്.

Exit mobile version