Site icon Malayalam News Live

ഡാര്‍ക്ക് വെബ് വഴി കേരളത്തിലുള്‍പ്പെടെ ലഹരിക്കച്ചവടം, ‘ടീം കല്‍ക്കി’ യെ പിടികൂടി എൻസിബി

ഡല്‍ഹി: ഡാർക്ക് വെബ് വഴി കേരളത്തിലുള്‍പ്പെടെ രാജ്യത്തിലുടനീളം ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയില്‍.

ടീം കല്‍ക്കി എന്നറിയപ്പെടുന്ന സംഘത്തെയാണ് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) മൂന്നുമാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവില്‍ പിടികൂടിയത്. സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരെയടക്കമാണ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വൻതോതില്‍ എല്‍.എസ്.ഡി, എം.ഡി.എം.എ, ചരസ് തുടങ്ങിയ മാരക ലഹരി വസ്തുക്കള്‍ എൻ.സി.ബി പിടിച്ചെടുത്തു.

 

ഡാർക്ക് വെബിലൂടെയും സെഷൻ എന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് വഴിയുമാണ് ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്കടക്കമുള്ള മാരക ലഹരിക്കടത്തിന് കൂടിയാണ് പിടിവീണത്. നെതർലാൻഡ്സ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ‌ഡാർക്ക് വെബിലെ രഹസ്യ പ്ലാറ്റ്ഫോമുകള്‍ വഴി ഓ‍ർഡറുകള്‍ സ്വീകരിച്ച്‌ കൊറിയർ സർവീസുകള്‍ വഴിയാണ് ഇവർ വിതരണം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റല്‍ കറൻസികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. 2388 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 16 എക്സ്റ്റസി ഗുളികകള്‍, 3.6 കിലോഗ്രാം ലിക്വിഡ് എം.ഡി.എം.എ, ചരസ്, ആംഫറ്റമിൻ എന്നിവ പിടിച്ചെടുത്തതായി എൻ.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ടു പാഴ്സലുകളും ഇന്ത്യക്കകത്ത് വിതരണത്തിന് തയ്യാറാക്കിയ 13 പാഴ്സലുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

 

സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനും അന്താരാഷ്ട്ര ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണം എൻ.സി.ബി ഊർജിതമാക്കി. ലഹരിമരുന്ന് കടത്തിനെതിരെയുള്ള വിവരങ്ങള്‍ നല്‍കാൻ 1933 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്നും വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും എൻ.സി.ബി അറിയിച്ചു.

 

Exit mobile version